Friday, May 25, 2018

Aspirins and Vultures (2005)



ആസ്പിരിന്‍സ് ആന്റ് വള്‍ചേഴ്‌സ് (2005)

1h 39min | Adventure, Drama | 19 April 2006 (France)

ബ്രസീലിലെ വരണ്ട ഭൂമിയിലൂടെ ഒരു യാത്ര പോകാം. പൊള്ളുന്ന സൂര്യനും പച്ചപ്പില്ലാത്ത ഭൂതലവും പൊടിക്കാറ്റുമാണ് കൂട്ട്. ആസ്പിരിന്‍ എന്ന മരുന്ന് പ്രചരിപ്പിക്കാനെത്തുന്ന യൊഹാന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ആസ്പിരിനെക്കാളും ബ്രസീലുകാര്‍ക്ക് രസിക്കുന്നത് അത് പ്രചരിപ്പിക്കാനായി യൊഹാന്‍ കാണിക്കുന്ന ഹ്രസ്വ ചിത്രമാണ്. ആസ്പിരിനും സിനിമയുമായി യാത്ര തുടരുന്ന യൊഹാന് കിട്ടുന്ന കൂട്ടാണ് രനുള്‍ഫോ. ഒരു ഘട്ടത്തിലും ഒത്തുപോകില്ലെന്ന് കരുതുന്ന ഇവര്‍ക്കിടയിലെ സൗഹൃദം. ഒപ്പം കഴുകന്മാര്‍ക്കിടയിലൂടെ യാത്ര തുടരാനും കഴിയാതെ വരുന്നു. ബ്രസീലിലെ രാഷ്ട്രീയവും രണ്ടാം ലോകമഹായുദ്ധവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

(കടപ്പാട് - എംസോണ്‍)

Friday, June 9, 2017

Spring, Summer, Fall, Winter & Spring (2003)

ഋതുഭേദങ്ങളുടെ പകര്‍ന്നാട്ടം

കെ ജിഗീഷ്‌
ഓര്‍മ്മകളുടെ അമിതഭാരം മൊബൈല്‍ഫോണിനെയും ഭാവനയുടെ അനന്തസാധ്യതകള്‍ കമ്പ്യൂട്ടറിനെയും അന്വേഷണങ്ങളെല്ലാം ഗൂഗിളിയുമേല്പിച്ച് സ്വസ്ഥനാവാന്‍ വൃഥാ ശ്രമിക്കുന്ന മനുഷ്യനെ തെക്കന്‍ കൊറിയയില്‍ നിന്നുള്ള 'കിം കി ഡുക്കെ'ന്ന സെന്‍മാസ്റ്റര്‍ തന്റെ സിനിമയിലൂടെ തിരുത്തുന്നു. പ്രാപഞ്ചികജീവിതത്തിന്റെ അത്യപൂര്‍വ്വമായ സൌന്ദര്യത്തെയും അലംഘനീയമായ തുടര്‍ച്ചയെയും അമാനുഷികമായ കരവിരുതോടെ, എന്നാല്‍ ഒരു കര്‍മ്മയോഗിയുടെ നിസ്സംഗതയോടെ നമുക്കു കാട്ടിത്തരുന്നു. 2003-ല്‍ പുറത്തിറങ്ങിയ കിമ്മിന്റെ 'സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്റ് സ്പ്രിംഗ്' എന്ന ചിത്രം മനുഷ്യന്‍ പ്രകൃതിയിലും പ്രകൃതിയുടെ സഹജപ്രേരണകള്‍ മനുഷ്യനിലും നടത്തുന്ന ഇടപെടലുകള്‍ ഒരു സ്ഫടികദര്‍പ്പണത്തിലെന്ന പോലെ പ്രതിഫലിപ്പിച്ചു കാട്ടി, പ്രേക്ഷകനെ ഒരു ഉയര്‍ന്ന ജീവിതാവബോധത്താല്‍, വിശാലമായ പ്രപഞ്ചവീക്ഷണത്താല്‍ വിമലീകരിക്കുന്നു. 

ഹരിതസമൃദ്ധമായൊരു വനമേഖലയാല്‍ ചുറ്റപ്പെട്ട്, ജീവിതത്തിന്റെ ഗഹനപ്രതീകമെന്ന പോലെ സ്വച്ഛസുന്ദരമായി ഒഴുകുന്ന പുഴയും പുഴനടുവിലെ വൃദ്ധതാപസന്റെ പര്‍ണ്ണാശ്രമവുമാണ് ചലച്ചിത്രകാരന്റെ പശ്ചാത്തലം. ആശ്രമപരിസരത്തെ ജീവജാലങ്ങളോടൊപ്പം കളിച്ചുനടന്ന്, ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങുന്ന കുരുന്നുശിഷ്യനും ഗുരുവിന്റെ കൂടെയുണ്ട്. കൌതുകക്കാഴ്ചകള്‍ തേടി കാടുകയറുന്ന ബാലനു മുന്നില്‍, ജലമല്‍സ്യവും തവളയും പാമ്പുമൊക്കെ കളിപ്പാട്ടങ്ങളാകുന്നു. ചരടിനാല്‍ വരിഞ്ഞു കെട്ടി അവന്‍ ആ സുന്ദരജീവിതങ്ങളെ ബന്ധനസ്ഥമാക്കുന്നു. പിന്‍ഗാമിയെ സൂക്ഷ്മനിരീക്ഷണം നടത്തുന്ന മാസ്റ്റര്‍, ശിക്ഷയായി മുതുകത്ത് ഒരു ഭീമന്‍കല്ലു കെട്ടി, മിണ്ടാപ്രാണികളെ സ്വതന്ത്രരാക്കുവാന്‍ ഉപദേശിച്ച്, അവനെ തിരിച്ചയക്കുന്നു. 'നിന്റെ പ്രവൃത്തിയാല്‍ ആ ജീവിതങ്ങള്‍ പൊലിഞ്ഞുവെങ്കില്‍, ആ ഭാരം മരണം വരെ നീ ചുമക്കും'- അദ്ദേഹം പറയുന്നു. ഏറെ വിഷമിച്ച് ശിഷ്യന്‍ അവയെ കണ്ടെത്തുമ്പോഴേക്കും പാവം മല്‍സ്യവും പാമ്പും ചത്തു കഴിഞ്ഞിരുന്നു. ആദ്യപാഠം നല്‍കിയ തിരിച്ചറിവില്‍ കരള്‍ പിളര്‍ന്ന് അവൻ കരയുമ്പോള്‍, ലളിതസുന്ദരമായ ജീവിത സമസ്യയുടെ പൊരുള്‍ ഒരു മിന്നല്‍പ്പിണരായി പ്രേക്ഷകനെയും സ്പര്‍ശിക്കുന്നു.! 

സിനിമയുടെ രണ്ടാം ഖണ്ഡത്തില്‍ വസന്തം മാറി വേനലെത്തുന്നു. ബാലശിഷ്യന്‍ ഇപ്പോള്‍ കൌമാരകൌതൂഹലങ്ങളിലേക്കു വളര്‍ന്നിട്ടുണ്ട്. ഇണ ചേരുന്ന പാമ്പുകളും ജലക്രീഡയിലേര്‍പ്പെട്ട അരയന്നങ്ങളും അവനില്‍ രതിചിന്ത നിറയ്ക്കുന്നു. പ്രകൃതിയില്‍ നിന്നുള്ള ഒരു സ്വാഭാവിക സംക്രമണം. പ്രണയപരവശനായ അവന്‍ ആശ്രമത്തില്‍ മനോചികിത്സയ്ക്കെത്തിയ യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ഒടുവില്‍, ആശ്രമം വിട്ട് അവളുടെ പിന്നാലെ പായുന്നു. കാലാന്തരത്തില്‍, ഒരു കൊലപാതകിയായി മാറി വീണ്ടും ആശ്രമത്തില്‍ തിരിച്ചെത്തുന്നു. കുറ്റബോധത്താല്‍ നീറി, വിഭ്രാന്തിയുടെ വക്കിലെത്തിയ അവനെ തന്റെ മാന്ത്രികസ്പര്‍ശത്താല്‍ ഗുരു ശാന്തനാക്കുന്നു. എന്നാല്‍, താമസിയാതെ അറസ്റ്റു ചെയ്യപ്പെട്ട്, അവന്‍ ജയിലിലടയ്ക്കപ്പെടുന്നു. 

സമയരഥം വീണ്ടും ചലിക്കുന്നു. ശൈത്യത്തിന്റെ ഉച്ചസ്ഥായിയില്‍, പുഴ ഒരു മഞ്ഞുപാളിയായി മാറിയ കാലത്ത്, ശിക്ഷ കഴിഞ്ഞ്, ഗുരുസവിധം തേടി യുവശിഷ്യന്‍ മടങ്ങിയെത്തുമ്പോഴേക്കും, തന്റെ കര്‍മ്മകാണ്ഡം പൂര്‍ത്തിയാക്കി, സ്വയം തീര്‍ത്ത ചിതയില്‍ മാസ്റ്റര്‍ എരിഞ്ഞു തീര്‍ന്നിരുന്നു. അനന്തമായ സമയപ്രവാഹത്തില്‍, മഹാവിസ്മയമായ ജീവന്റെ ഗതിയോര്‍ത്ത് പ്രേക്ഷകന്റെ ശ്വാസഗതി നിലച്ചു പോകുന്ന നിമിഷം! തീവ്രാനുഭവങ്ങളുടെ പടവുകള്‍ പിന്നിട്ട്, ഇതിനകം സാത്വികനായി മാറിക്കഴിഞ്ഞ അയാള്‍ ഗുരുവിന്റെ നിശ്ശബ്ദ നിയോഗം സര്‍വാത്മനാ ഏറ്റെടുക്കുന്നു. 

വിഷാദമധുരമായ ഒരു ദിനാന്ത്യത്തില്‍, മറ്റേതോ നിയോഗത്താലെന്ന പോലെ മുഖം മറച്ച ഒരു മാതാവ് നിറകണ്ണുകളോടെ, തന്റെ പിഞ്ചുകുഞ്ഞിനെ ആശ്രമത്തില്‍ ഉപേക്ഷിച്ച് നദീഹൃദയത്തില്‍ മറയുന്നു. സന്യാസം ജീവിതചര്യയാക്കിയ യുവതാപസനോടൊപ്പം ഈ അനാഥബാലന്‍ ആശ്രമത്തില്‍ പിച്ചവച്ചു തുടങ്ങുന്നു..ഒരു ചക്രം പൂര്‍ത്തിയാവുകയാണ്. കര്‍മ്മബന്ധങ്ങളുടെ ഭാരവും പേറി വിരക്തനായ ആ പുണ്യാത്മാവ് മല കയറുമ്പോള്‍, കുരുന്നുബാലന്‍ ഒരിക്കല്‍ക്കൂടി തന്റെ കളിക്കൂട്ടുകാരെ തേടുകയായി. 

ഫിലിം മേക്കർ എന്ന നിലയ്ക്കുള്ള കിം കി ഡുക്കിന്റെ ജീവചരിത്രത്തിലെ വേറിട്ട അധ്യായമായ ഈ ചിത്രം മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങളെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. അക്രമവാസനയിലും ലൈംഗിതയിലുമൂന്നിയ മുന്‍കാല പ്രമേയങ്ങളെ കൈവിട്ട്, ഈ അപൂര്‍വസൃഷ്ടിയിലെത്തുമ്പോൾ, സംവിധായകന്‍ മാനവികതയുടെ ഉന്നതമൂല്യങ്ങളിലേക്കു വളര്‍ന്നിരിക്കുന്നു. കാടും ജലപ്പരപ്പും വിവിധ ജീവരൂപങ്ങളായ മത്സ്യം, അരയന്നം, ആമ, കോഴി, പൂച്ച, തവള, പാമ്പ്, പച്ചക്കുതിര തുടങ്ങിയവയോടൊപ്പം മനുഷ്യനും മാറി മാറി പകര്‍ന്നാടുന്ന ചിത്രത്തിലെ ഓരോ ദൃശ്യബിംബവും പ്രപഞ്ചജീവിതസത്തയെ അതിസമര്‍ത്ഥമായി എന്നാല്‍, തികച്ചും ലളിതമായി പ്രതീകവല്‍ക്കരിക്കുന്നു; സമസ്യകളെ പൂരിപ്പിക്കുന്നു. സിനിമയുടെ എല്ലാവിധ സാങ്കേതികത്വത്തിനുമപ്പുറം, ഏതൊരു ഉന്നത കലാസൃഷ്ടിയെയും പോലെ, സമഗ്രജീവിതത്തെ സംബന്ധിച്ച ഒരു വെളിപാടായി ചിത്രം മാറുന്നു. 

ബാല്യത്തില്‍ തുടങ്ങി വാര്‍ധക്യം വരെയുള്ള ഘട്ടങ്ങളില്‍ കഥാപുരുഷന്‍ കടന്നുപോകുന്ന വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ഓരോ പ്രേക്ഷകനും സ്വന്തം ജീവിതത്തിനു നേരേ പിടിച്ച കണ്ണാടിയായി മാറുന്നു എന്നതാണ്, ഒരു സെന്‍കഥയുടെ സരളമാധുര്യം പേറുന്ന ഈ സിനിമയുടെ ദാര്‍ശനികസൌന്ദര്യം. ചിത്രാന്ത്യത്തില്‍, ബുദ്ധപ്രതിമയുമായി മല കയറുന്ന സന്യാസിയുടെ സീക്വന്‍സ് മനുഷ്യാവസ്ഥയെ അതിന്റെ എല്ലാവിധ സംഘര്‍ഷങ്ങളോടും കൂടി ബിംബവല്‍ക്കരിക്കുന്നു. ഏതൊരു പ്രൊഫഷണലിനെയും അതിശയിക്കുന്ന മികവാണ് ഈ രംഗചിത്രീകരണത്തില്‍ കിം കിഡുക്ക് പ്രദര്‍ശിപ്പിക്കുന്നത്. 

സിനിമറ്റോഗ്രഫി എന്ന കലയുടെയും സംഗീതത്തിന്റെയും മാത്രമല്ല, ദൃശ്യഭാഷയുടെ തന്നെ പുത്തന്‍ വ്യാഖ്യാനങ്ങളാണ് കിമ്മിന്റെ കയ്യൊപ്പുപതിഞ്ഞ ചിത്രത്തിലെ ഫ്രെയിമുകളോരോന്നും. തന്റെ വേറിട്ട വീക്ഷണകോണിലൂടെ ജീവിതത്തെ കാണുവാന്‍ സംവിധായകന്‍ നമ്മെ ഹൃദയപൂര്‍വം ക്ഷണിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍, ചലച്ചിത്രമെന്നാല്‍ വെറും കഥ പറച്ചിലോ, നാടകീയത നിറഞ്ഞ രംഗങ്ങളോ, സാങ്കേതികതയിലൂന്നിയ ദൃശ്യവിസ്മയങ്ങളോ ഒന്നുമല്ല, കലാകാരന്റെ ജീവിതദര്‍ശനം തന്നെയാണെന്നു വരുന്നു. നവീനമായ ഈ ആശയത്തിന് ഉത്തമദൃഷ്ടാന്തം കൂടിയായി മാറുന്നു സിനിമയുടെ ഈ വസന്തം. 

Psycho [1960]

അനിൽകുമാർ കെ എസ്‌ & രശ്മി ജി
സൈക്കോ
ആൽഫ്രഡ്‌ ഹിച്ച്‌ കോക്കിന്റെ വിഖ്യാതമായ ചലച്ചിത്രമായ സൈക്കോ 1960 ലാണ്‌ പ്രദർശനത്തിനെത്തുന്നത്‌. ഒരു സസ്പെൻസ്‌ ഹൊറർ ചിത്രമായ സൈക്കോ തികച്ചും വ്യത്യസ്തമായ ട്രീറ്റ്മെന്റിലാണ്‌ ഹിച്ച്‌-കോക്ക്‌ അവതരിപ്പിച്ചത്‌. റിയൽ എസ്റ്റേറ്റ്‌ ഓഫീസിലെ ജോലിക്കാരിയായ മരിയൻ സാം ലൂമിസുമായി അടുപ്പത്തിലായിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ മൂലം വിവാഹം നീണ്ടു പോകുന്നു. നാൽപതിനായിരം ഡോളർ കയ്യിൽ വന്നു ചേരുമ്പോൾ അതു സ്വന്തമാക്കുന്നതിനായി മരിയൻ യാത്ര നടത്തുന്നു. തടസ്സങ്ങൾമൂലം നോർമ്മൻ ബേറ്റ്സിന്റെ ഹോട്ടലിൽ മുറിയെടുക്കുന്നു. ഹോട്ടൽ മുറിയിൽ വെച്ച്‌ അജ്ഞാത കൊലയാളിയാൽ മരിയൻ ക്രൂരമായി കൊല ചെയ്യപ്പെടുമ്പോൾ നോർമ്മൻ മൃതദേഹവും കാറും ചതുപ്പിൽ കൊണ്ടുപോയി താഴ്ത്തി തെളിവുകൾ ഇല്ലാതെയാക്കുന്നു.
മരിയനെ കാണാതാകുമ്പോൾ സഹോദരി ലീലാ ക്രെയ്നും, സാമും അന്വേഷണങ്ങൾ നടത്തുന്നു. സ്വകാര്യ ഡിക്ടക്ടീവ്‌ ഉദ്യോഗസ്ഥനായ അർബോഗാസ്റ്റും അന്വേഷണങ്ങൾ നടത്തി നോർമ്മന്റെ ഹോട്ടലിൽ എത്തുന്നു. നോർമ്മന്റെ ഹോട്ടലിനോടു ചേർന്നുള്ള വീട്ടിലേയ്ക്കു കടക്കാനൊരുങ്ങുമ്പോൾ അർബോഗാസ്റ്റും ദാരുണമായി കൊലചെയ്യപ്പെടുന്നു. തുടർന്ന്‌ സാമും ലീലയും അന്വേഷണത്തിന്റെ ഭാഗമായി നോർമ്മന്റെ ഹോട്ടലിൽ എത്തുന്നു. ഹോട്ടലിലും വീട്ടിലും തിരച്ചിൽ നടത്തി രഹസ്യ നിലവറയ്ക്കുള്ളിൽ എത്തുന്ന ലീല കസേരയിൽ പുറം തിരിഞ്ഞിരിക്കുന്ന വൃദ്ധയെ കണ്ടെത്തുന്നുവെങ്കിലും അതൊരു മൃതദേഹമാണെന്നു തിരിച്ചറിയുന്നു. ലീലയുടെ നേരേ അജ്ഞാത കൊലയാളി കത്തി ഉയർത്തുമ്പോൾ സാം വന്ന്‌ അയാളെ കീഴ്പ്പെടുത്തുന്നു. അമ്മയുടെ വേഷം ധരിച്ചെത്തിയ നോർമ്മൻ ആയിരുന്നു മരിയനേയും ഡിക്ടേറ്റെവ്‌ അർബോഗാസ്റ്റിന്യും കൊല ചെയ്യുന്നത്‌.
പ്രേക്ഷകനെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളിലൂടെ, ഉദ്വേഗജനകമായ സസ്പെൻസ്‌ ഉടനീളം നിലനിറുത്തിക്കൊണ്ടാണ്‌ ഹിച്ച്‌ കോക്ക്‌ സൈക്കോ ഒരുക്കിയെടുത്തിരിക്കുന്നത്‌. ഭീതി പരത്തുന്ന അജ്ഞാത കൊലയാളിയാരാണെന്നു അവസാനഭാഗത്തുമാത്രമേ വെളിപ്പെടുന്നുള്ളു. നോർമ്മൻ ബേറ്റ്സ്‌ എന്തുകൊണ്ട്‌ കൊലയാളിയായി എന്നതിന്റെ വിശദീകരണങ്ങൾ ചിത്രം തുടർന്നു നൽകുന്നുണ്ട്‌. അച്ഛൻ മരിച്ച നോർമന്‌ അമ്മയായിരുന്നു ജീവിതത്തിലുണ്ടായിരുന്ന ഏക ആശ്രയം. അമ്മയ്ക്ക്‌ പുതിയ ബന്ധമുണ്ടാകുമ്പോൾ അതിൽ അസൂയപൂണ്ട നോർമൻ ഇരുവരേയും വിഷം കൊടുത്തു കൊല്ലുന്നു. അമ്മയുടെ മൃതദേഹം ശവക്കോട്ടയിൽ നിന്നും മോഷ്ടിച്ച്‌ വീട്ടിൽ സൂക്ഷിക്കുന്ന നോർമൻ കുറ്റബോധത്താൽ നീറുകയും അമ്മയോട്‌ സ്നേഹവിധേയത്വങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അമ്മയുടെ വേഷം ധരിച്ചാണ്‌ നോർമൻ മരിയനെയും ഡിക്റ്റക്ടീവിനെയും കൊലചെയ്യുന്നത്‌.
നോർമൻ തനിയ്ക്കു വേണ്ടിയും തന്റെ അമ്മയ്ക്കുവേണ്ടിയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട്‌ ഇരട്ട വ്യക്തിത്വം പ്രകടിപ്പിക്കുന്നു. ഭീതിപരത്തുന്ന കൊലയാളിയെ അവതരിപ്പിച്ച സൈക്കോ
അക്കാലത്തെ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ലോകസിനിമാചരിത്രത്തിൽ അവഗണിക്കുവാൻ കഴിയാത്ത ചിത്രങ്ങളിലൊന്നായ ആൽഫ്രഡ്‌ ഹിച്ച്‌ കോക്കിന്റെ സൈക്കോ നാല്‌ ഓസ്കാർ നോമിനേഷനുകൾ നേടിയിരുന്നു.

CASABLANCA [1942]

[ Credits:Sunil Nadakkal ]
ഇന്ന് നമ്മള്‍ കാണുന്ന സിനിമയുടെ ഉദ്ഭവ കാലം തൊട്ടു ഇന്ന് വരെയുള്ള ചരിത്രം നോക്കിയാല്‍ സിനിമാ എഴുത്തുകാരുടെ ഇഷ്ട വിഷയമാണ് പ്രണയം അത് പറയുന്ന രീതിക്കും പശ്ചാത്തലത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടായിരിക്കാം അതിനു ജാതിയോ മതമോ സമ്പത്തോ ഭാഷയോ മറ്റു അന്തരങ്ങലോ ഒന്നും പ്രതിഭ്ദ്ദമാകുന്നില്ല പക്ഷെ ഇന്നും പുറത്തിറങ്ങുന്ന സിനിമകളില്‍ ഭൂരി ഭാഗവും പറയുന്നത് ഇതേ വിഷയമാണ്
രണ്ടാം ലോകമഹായുദ്ദതിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു ത്രികോണ പ്രണയ കഥയാണ്‌ CASABLANCA , Everybody comes to Rick's എന്ന നാടകത്തെ ആസ്പദമാക്കി Michael Curtiz ന്റെ സംവിടാനത്തില്‍ 1942ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോക്കന്‍ നഗരമായ കാസാബ്ലാങ്ക യുദ്ദത്തിന്റെ കെടുതികളില്‍ നിന്ന് രക്ഷപ്പെട്ടു അമേരിക്കയിലേക്ക് ചേക്കേറുന്ന അഭയാര്തികളുടെയും കുടിയേറ്റക്കാരുടെയും ഇടതാവളം ആയി മാറിയിരിക്കയാണ് അവിടെ Ricks cafe American എന്ന പേരില്‍ ഒരു നിശാക്ലബ് നടത്തുകയാണ് റിക്ക് ബ്ലൈന്‍ (Humphry Bogart). അമേരിക്കയില്‍ നിന്ന് ഒളിച്ചോടി പോയ ഒരു മുന്‍ കുറ്റവാളിയാണ് ഇയാള്‍. ഇന്ന് സമൂഹത്തില്‍ മാന്യമായി ഒരു തൊഴില്‍ ചെയ്തു ജീവിക്കുന്നു . അവിടുത്തെ പോലീസുകാരും മറ്റു ഉന്നതരും ഇയാളുടെ ക്ലബ്ബില്‍ നിത്യ സന്ദര്‍ശകരാണ്‌. ഒരു ദിവസം റിക്കിന്റെ ഒരു സുഹൃത്ത്‌ രണ്ടു ജര്‍മ്മന്‍ സന്ദേശ വാഹകരിഎ അപായപ്പെടുത്തി കരസ്ഥമാക്കിയ സമ്മതി പത്രം സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു അത് വാങ്ങുവാനായി എത്തുന്നവരെ കാത്തു നില്‍ക്കുന്നതിനിടയില്‍ അയാള്‍ പോലീസിന്റെ പിടിയില്‍ ആവുന്നു .അതോടെ സമ്മതി പത്രം റിക്കിന്റെ കയ്യിലാവുന്നു . അന്നു രാത്രി ആ സമ്മതി പത്രത്തിനായി പോലീസ് പിടിയിലായ ആളെ പ്രതീക്ഷിച്ചു ലസ്ലോയും (Paul Henried) ഭാര്യ ഇല്‍സ(Ingrid Bergman) യുമായിരുന്നു അത് . റിക്കിന്റെ സുഹൃത്ത്‌ ഫെര്രരി യില്‍ നിന്നും ആ സമ്മതിപത്രം റിക്കിന്റെ കയ്യില്‍ ആണെന്ന് മനസ്സിലാക്കിയ അവര്‍ റിക്കിനെ അതിനായി സമീപിക്കുന്നു . അതോടെ തന്റെ മുന്‍ കാമുകിയും ഭര്‍ത്താവും ആണ് എത്തിയിരിക്കുന്നത് എന്നാ സത്യം അയാളെ തന്റെ ഭൂത കാലത്തിലേക്ക് കൂടികൊണ്ട് പോകുന്നു
കറുപ്പിലും വെളുപ്പിലുമായി സ്തൃഷ്ടിക്കപ്പെട്ട ഉദ്വേഗ ജനകമായ ഒരു ത്രികോണ പ്രണയത്തിന്റെ കഥ ഇവിടെ തുടങ്ങുന്നു എന്തിനാണ് ഇല്‍സ റിക്കിനെ ഉപേക്ഷിച്ചത് ഇപ്പോള്‍ ഇല്സയുടെ ഭര്‍ത്താവായി വന്ന ലെസ്ലോ യഥാര്‍ത്ഥത്തില്‍ ആരാണ് എന്നെല്ലാം അറിയാന്‍ ഈ ചിത്രം കാണുക ആധുനിക സിനിമാ കാലഘട്ടത്തിലെ മികച്ച ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രണയ കഥയാണ്‌ കാസാബ്ലാങ്ക . ഈ സിനിമയിലെ പല സംഭാഷണങ്ങളും പിന്നീട് സംസാര ഭാഷയിലെ ശൈലി ആയി രൂപാന്തരപട്ടു എന്നത്തില്‍ നിന്ന് ചിത്രം കാഴ്ചക്കാരില്‍ ചെലുത്തിയ സ്വാധീനം വ്യക്തമാകും അത് പോലെ തന്നെ സംഗീതവും പ്രേക്ഷകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച ചിത്രം ആ കൊല്ലത്തെ 8 ഓസ്കാര്‍ നോമിനേഷനുകള്‍ കരസ്ഥമാക്കിയ ചിത്രം അവയില്‍ മൂന്നെണ്ണം കൈപിടിയില്‍ ഒതുക്കി [ ENGLISH 1942 Imdb Rating 8.6/10]