Friday, June 9, 2017

Psycho [1960]

അനിൽകുമാർ കെ എസ്‌ & രശ്മി ജി
സൈക്കോ
ആൽഫ്രഡ്‌ ഹിച്ച്‌ കോക്കിന്റെ വിഖ്യാതമായ ചലച്ചിത്രമായ സൈക്കോ 1960 ലാണ്‌ പ്രദർശനത്തിനെത്തുന്നത്‌. ഒരു സസ്പെൻസ്‌ ഹൊറർ ചിത്രമായ സൈക്കോ തികച്ചും വ്യത്യസ്തമായ ട്രീറ്റ്മെന്റിലാണ്‌ ഹിച്ച്‌-കോക്ക്‌ അവതരിപ്പിച്ചത്‌. റിയൽ എസ്റ്റേറ്റ്‌ ഓഫീസിലെ ജോലിക്കാരിയായ മരിയൻ സാം ലൂമിസുമായി അടുപ്പത്തിലായിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ മൂലം വിവാഹം നീണ്ടു പോകുന്നു. നാൽപതിനായിരം ഡോളർ കയ്യിൽ വന്നു ചേരുമ്പോൾ അതു സ്വന്തമാക്കുന്നതിനായി മരിയൻ യാത്ര നടത്തുന്നു. തടസ്സങ്ങൾമൂലം നോർമ്മൻ ബേറ്റ്സിന്റെ ഹോട്ടലിൽ മുറിയെടുക്കുന്നു. ഹോട്ടൽ മുറിയിൽ വെച്ച്‌ അജ്ഞാത കൊലയാളിയാൽ മരിയൻ ക്രൂരമായി കൊല ചെയ്യപ്പെടുമ്പോൾ നോർമ്മൻ മൃതദേഹവും കാറും ചതുപ്പിൽ കൊണ്ടുപോയി താഴ്ത്തി തെളിവുകൾ ഇല്ലാതെയാക്കുന്നു.
മരിയനെ കാണാതാകുമ്പോൾ സഹോദരി ലീലാ ക്രെയ്നും, സാമും അന്വേഷണങ്ങൾ നടത്തുന്നു. സ്വകാര്യ ഡിക്ടക്ടീവ്‌ ഉദ്യോഗസ്ഥനായ അർബോഗാസ്റ്റും അന്വേഷണങ്ങൾ നടത്തി നോർമ്മന്റെ ഹോട്ടലിൽ എത്തുന്നു. നോർമ്മന്റെ ഹോട്ടലിനോടു ചേർന്നുള്ള വീട്ടിലേയ്ക്കു കടക്കാനൊരുങ്ങുമ്പോൾ അർബോഗാസ്റ്റും ദാരുണമായി കൊലചെയ്യപ്പെടുന്നു. തുടർന്ന്‌ സാമും ലീലയും അന്വേഷണത്തിന്റെ ഭാഗമായി നോർമ്മന്റെ ഹോട്ടലിൽ എത്തുന്നു. ഹോട്ടലിലും വീട്ടിലും തിരച്ചിൽ നടത്തി രഹസ്യ നിലവറയ്ക്കുള്ളിൽ എത്തുന്ന ലീല കസേരയിൽ പുറം തിരിഞ്ഞിരിക്കുന്ന വൃദ്ധയെ കണ്ടെത്തുന്നുവെങ്കിലും അതൊരു മൃതദേഹമാണെന്നു തിരിച്ചറിയുന്നു. ലീലയുടെ നേരേ അജ്ഞാത കൊലയാളി കത്തി ഉയർത്തുമ്പോൾ സാം വന്ന്‌ അയാളെ കീഴ്പ്പെടുത്തുന്നു. അമ്മയുടെ വേഷം ധരിച്ചെത്തിയ നോർമ്മൻ ആയിരുന്നു മരിയനേയും ഡിക്ടേറ്റെവ്‌ അർബോഗാസ്റ്റിന്യും കൊല ചെയ്യുന്നത്‌.
പ്രേക്ഷകനെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളിലൂടെ, ഉദ്വേഗജനകമായ സസ്പെൻസ്‌ ഉടനീളം നിലനിറുത്തിക്കൊണ്ടാണ്‌ ഹിച്ച്‌ കോക്ക്‌ സൈക്കോ ഒരുക്കിയെടുത്തിരിക്കുന്നത്‌. ഭീതി പരത്തുന്ന അജ്ഞാത കൊലയാളിയാരാണെന്നു അവസാനഭാഗത്തുമാത്രമേ വെളിപ്പെടുന്നുള്ളു. നോർമ്മൻ ബേറ്റ്സ്‌ എന്തുകൊണ്ട്‌ കൊലയാളിയായി എന്നതിന്റെ വിശദീകരണങ്ങൾ ചിത്രം തുടർന്നു നൽകുന്നുണ്ട്‌. അച്ഛൻ മരിച്ച നോർമന്‌ അമ്മയായിരുന്നു ജീവിതത്തിലുണ്ടായിരുന്ന ഏക ആശ്രയം. അമ്മയ്ക്ക്‌ പുതിയ ബന്ധമുണ്ടാകുമ്പോൾ അതിൽ അസൂയപൂണ്ട നോർമൻ ഇരുവരേയും വിഷം കൊടുത്തു കൊല്ലുന്നു. അമ്മയുടെ മൃതദേഹം ശവക്കോട്ടയിൽ നിന്നും മോഷ്ടിച്ച്‌ വീട്ടിൽ സൂക്ഷിക്കുന്ന നോർമൻ കുറ്റബോധത്താൽ നീറുകയും അമ്മയോട്‌ സ്നേഹവിധേയത്വങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അമ്മയുടെ വേഷം ധരിച്ചാണ്‌ നോർമൻ മരിയനെയും ഡിക്റ്റക്ടീവിനെയും കൊലചെയ്യുന്നത്‌.
നോർമൻ തനിയ്ക്കു വേണ്ടിയും തന്റെ അമ്മയ്ക്കുവേണ്ടിയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട്‌ ഇരട്ട വ്യക്തിത്വം പ്രകടിപ്പിക്കുന്നു. ഭീതിപരത്തുന്ന കൊലയാളിയെ അവതരിപ്പിച്ച സൈക്കോ
അക്കാലത്തെ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ലോകസിനിമാചരിത്രത്തിൽ അവഗണിക്കുവാൻ കഴിയാത്ത ചിത്രങ്ങളിലൊന്നായ ആൽഫ്രഡ്‌ ഹിച്ച്‌ കോക്കിന്റെ സൈക്കോ നാല്‌ ഓസ്കാർ നോമിനേഷനുകൾ നേടിയിരുന്നു.

No comments:

Post a Comment